തൃശ്ശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ഇത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പണം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ധര്‍മരാജ് നല്‍കിയ ഹരജിക്കെതിരെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് പണം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
ഇരിങ്ങാലക്കുട കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുവരെ അന്വേഷണ സംഘം പരസ്യമായി ബി.ജെ.പി ബന്ധം വ്യക്തമാക്കിയിരുന്നില്ല.
പണം കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കുഴല്‍പ്പണം തന്നെയാണെന്നും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഡിവൈഎസ് പി വി.കെ. രാജു കോടതില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ പണം കണ്ടെടുക്കാനുണ്ട്. പണമെത്തുന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് വരെ അറിയാമായിരുന്നെന്ന മൊഴികളും സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. പണം ബിസിനസാവശ്യത്തിന് എത്തിച്ചതാണെന്ന ധര്മരാജിെന്റ ഹരജി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമാണ് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം യാതൊരു കാരണവശാലും ധര്‍മരാജനോ സുനില്‍ നായിക്കിനോ വിട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചത്.

















