പട്ന: ലോക് ജനശക്തി പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പസ്വാനെ നീക്കി. ഒരാൾക്ക് ഒരു പദവി മതിയെന്ന നയത്തെ തുടർന്നാണ് ചിരാഗിന് അധ്യക്ഷ പദവി നഷ്ടമായത്. ദേശീയ അധ്യക്ഷ പദവിക്ക് പുറമേ എൽജെപി പാർലമെന്ററി പാർട്ടി നേതാവ്, പാർലമെന്ററി ബോർഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ചിരാഗ് ആണ് വഹിച്ചിരുന്നത്.
അതേസമയം, ചിരാഗ് പാസ്വാനെതിരെ വിമത നീക്കം നടത്തിയ അഞ്ച് എം.പിമാരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നേരത്തെ അഞ്ച് വിമതര്‍ ചേര്‍ന്ന് ചിരാഗിന്‍റെ പിതൃ സഹോദരനായ പശുപതി പരാസിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിയോഗിച്ചതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു.
പശുപതി പരാസ്, പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണ ദേവി, മെഹബൂബ് അലി കേശര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വെര്‍ച്വലായി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് ചേരുന്നതായി നോട്ടീസ് നല്‍കിയെങ്കിലും ഇവരില്‍ നിന്ന് പ്രതികരണം ലഭിക്കാത്തതിനാല്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
വിമതര്‍ സുര്‍ജന്‍ ഭാനിനെ വര്‍ക്കിങ് പ്രസിഡന്‍റും തെരഞ്ഞെടുപ്പ് ഓഫീസറുമായി നിയമിച്ചു. പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് വിളിക്കാനും അഞ്ച് ദിവസങ്ങള്‍ക്കം ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനും അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















