തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 166 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
1,12,361 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ടി.പി.ആർ 15നും താഴെയെത്തി. ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിലും താഴെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പഞ്ചായത്തുകളെ കണ്ടയിൻമെന്‍റ് മേഖലയാക്കി ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ എട്ട് ശതമാനം വരെയാണെങ്കിൽ കുറഞ്ഞ വ്യാപനമെന്നാണ് കണക്കാക്കുക. എട്ട് മുതൽ 20 ശതമാനം വരെ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണ് ടി.പി.ആറെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണമേർപ്പെടുത്തും. 30 ശതമാനത്തിന് മേലെയാണെങ്കിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും.
വ്യാവസായിക, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഇവർക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് എഴ് വരെ പ്രവർത്തിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തനം അനുവദിക്കും.
ജൂൺ 17 മുതൽ കേന്ദ്ര -സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവർത്തനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്താകെ പൂർണ ലോക്ഡൗൺ ആയിരിക്കും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങിനും നിലവിലേതു പോലെ 20 പേരെ മാത്രമേ അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.