തിരുവനന്തപുരം: മരംമുറി വിവാദത്തിൽ പ്രതിക്കൂട്ടിലായ സർക്കാരിന്റെ നടപടികൾ തുറന്ന് കാണിക്കുന്നതിനായി യുഡിഎഫ് സംഘം മരംമുറി നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ടി എൻ പ്രതാപൻ, ബെന്നി ബെഹനാൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് സന്ദർശനം നടത്തുക. വ്യാഴാഴ്ചയാകും സന്ദർശനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് സന്ദർശിക്കും. ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ അതേ ദിവസം മറ്റൊരു സംഘം തൃശ്ശൂർ, പാലക്കാട് ജില്ലകൾ സന്ദർശിക്കും. ബെന്നി ബെഹന്നാന്റെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളും യുഡിഎഫ് സംഘം സന്ദർശിക്കും.
മരംമുറി വിവാദത്തിൽ പ്രതിപക്ഷവും ബിജെപിയും സര്ക്കാനിരെതിരെ നിലപാട് കടുപ്പിക്കുകയാണ്. മുട്ടിൽ മരംമുറിക്കേസിന് പിന്നിലും സര്ക്കാര് ഉത്തരവിന്റെ പുറകിലും ഇനിയും പുറത്ത് വരാത്ത വലിയ വാര്ത്തകളുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സി.പി.ഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്.
സിപിഐ വനം വകുപ്പ് വിട്ടതിൽ പന്തികേട് തോന്നുന്നു. യുഡിഎഫ് വിഷയം ഗൗരവമായാണ് എടുക്കുന്നത്. രാഷ്ട്രീയമായി മുന്നോട്ട് പോകും. റവന്യു വനം വകുപ്പുകൾക്ക് പലതും അറിയാം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേസിനെ കുറിച്ച് രണ്ട് വകുപ്പുകളും സംസാരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എല്ലാം ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. സര്ക്കാര് വൃത്തങ്ങളുടെ പ്രതികരണം വിലയിരുത്തിയാൽ തൊട്ടാൽ കൈ പൊള്ളുന്ന എന്തോ ഉണ്ടെന്ന് വ്യക്തമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.