ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ അവധിക്കാല ബെഞ്ചിലേക്കാണ് ഇന്ന് ഹർജിയെത്തിയത്. ഹർജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്.
‘കേന്ദ്ര സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം ഇന്നലെയാണ് സമര്‍പ്പിച്ചത്. മറുപടി തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാഴ്ച വേണം’- കപില്‍ സിബല്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ രണ്ടാഴ്ച കഴിഞ്ഞ് ഹരജി പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഹാജരായത്.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ഗുജറാത്ത്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ 13 ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയാണ് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 1995ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയാറാക്കിയ ചട്ടങ്ങള്‍ പ്രകാരമായിരുന്നു നടപടി. എന്നാല്‍ ഈ നിയമപ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ലീഗ് സുപ്രിംകോടതിയെ സമീപിച്ചത്.
മുസ്‌ലിം ലീഗിന്റെ ഹർജിക്കെതിരെ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍, വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിംലീഗിന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടു.

















