സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിപ്പിക്കും.രോഗവ്യാപന ത്രീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണം വരും. ലോക്ക്ഡൗൺ ഇളവുകളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.വീടുകളിൽ നിന്നാണ് കോവിഡ് രോഗം ഇപ്പോൾ വ്യാപകമായി പടരുന്നത്. അത് തടയാൻ മാർഗം സ്വീകരിക്കും. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലേക്ക് അതിവേഗം കയറിയതോടെയാണ് കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ കൊണ്ടുവന്നത്. ആദ്യം ഒരാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടിനീട്ടേണ്ടിവന്നു. ഒന്നരമാസം ആകെ വിവിധ ഘട്ടങ്ങളിലെ ലോക്ഡൗണിന് ശേഷമാണ് കൂടുതൽ ഇളവുകളിലേക്ക് സംസ്ഥാനം മാറുന്നത്. എന്നാൽ ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാത്ത ഇടങ്ങളുടെ ലിസ്റ്റ് പോലീസും ആരോഗ്യവകുപ്പും നൽകിയിട്ടുണ്ടെന്നും അത്തരം മേഖലകളിലെ നിയന്ത്രണം ഭാഗികമായി മാത്രമേ പിൻവലിക്കൂ എന്നും സൂചനയുണ്ട്.

















