ഹരിയാന: ബി.ജെ.പിയുടെ പുതിയ ഓഫീസ് നിർമ്മിക്കുന്നതിനായി സ്ഥാപിച്ച തറക്കല്ല് ഇളക്കിമാറ്റി കർഷകരുടെ പ്രതിഷേധം. ഹരിയാനയിലെ ജജ്ജറിലാണ് സംഭവം. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒ പി ധങ്കർ സ്ഥാപിച്ച തറക്കല്ലാണ് മണിക്കൂറുകൾക്കുള്ളിൽ കർഷകർ ഇളക്കി മാറ്റിയത്.
പുതിയ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷകർ തറക്കല്ല് ഇളക്കി മാറ്റിയത്. സ്ത്രീകളടക്കം നിരവധി പേരാണ് കറുത്ത കൊടികളുമേന്തി സംഭവസ്ഥലത്ത് എത്തിയത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രാവിലെ പത്ത് മണിക്കായിരുന്നു ബി.ജെ.പിയുടെ പരിപാടി നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ ഭയന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരുകൂട്ടം കർഷകരാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അറിയിച്ചു.
സംസ്ഥാനത്ത് ബിജെപി-ജെജെപി നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലൊക്കെ നിരവധി കർഷകർ പ്രതിഷേധവുമായി എത്തുന്നുണ്ട്.
















