ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നു. ഉച്ചക്ക് 1.30ഓടെ അഗത്തി വിമാനത്താവളത്തിലെത്തും. ഒരാഴ്ചയാണ് സന്ദർശനം.വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്.
അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം കണക്കിലെടുത്ത് ഇന്ന് ദ്വീപുകളിൽ കരിദിനം ആചരിക്കുകയാണ്.വീടുകള്‍ തോറും കരിങ്കൊടി ഉയരും. കറുത്ത ബാഡ്ജും മാസ്കും ധരിച്ച് പ്രതിഷേധമറിയിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ പ്രതിഷേധം ലോകത്തെ അറിയിക്കാനും സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നല്‍കാനും സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുന്നുണ്ട്.
ലക്ഷദ്വീപ് സമരവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിന് രാജ്യദ്രോഹക്കേസിൽ പ്രതിയാക്കപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് ദ്വീപുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേസ് പിൻവലിക്കണമെന്ന ആവശ്യം ലക്ഷദ്വീപിലെ ബിജെപിയിൽ നിന്ന് തന്നെ ഉയർന്നിട്ടുണ്ട്.
















