കണ്ണൂര്‍: കേളകത്ത് രണ്ടാനച്ഛനില്‍ നിന്ന് ഒരു വയസുകാരി നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് അമ്മൂമ്മ. ഇയാള്‍ കുട്ടിയെ കൊല്ലുമെന്ന് മകള്‍ തന്നോട് പറഞ്ഞതായി അമ്മൂമ്മ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലെത്തിച്ചത് അമ്മൂമ്മയാണ്.
കുട്ടിയെ മുറിയുടെ മൂലയില്‍ നിലത്താണ് കിടത്തിയിരുന്നത്. മരകഷണം കൊണ്ടുള്ള അടിയില്‍ തോളെല്ലിന് പൊട്ടലുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
“ഞാന്‍ മോളോട് കുട്ടിയെക്കുറിച്ച് ചോദിച്ചു. ആദ്യമൊന്നും പറഞ്ഞില്ല. പക്ഷേ അവന്‍ പോയി കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു കുട്ടിയെ അടിച്ച് നെറ്റി നീരുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. കുട്ടിയെ ഇവിടെ നിര്‍ത്തിയാല്‍ കൊല്ലുമെന്നും മമ്മി കുട്ടിയെ കൊണ്ടുപോകണമെന്നും പറഞ്ഞു. ഞങ്ങള്‍ പോയി 5 മണിയായപ്പോള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. എന്നിട്ട് പേരാവൂര്‍ വന്ന് പരാതി നല്‍കി. ഞങ്ങളെ ഇങ്ങോട്ടുവിട്ടു. കുട്ടിക്കെന്താ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞില്ല. വീടിനുള്ളില്‍ മൂത്രമൊഴിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ പേടിപ്പിക്കും, ഇക്കാര്യത്തില്‍ എപ്പോഴും അവന്‍ പരാതി പറയാറുണ്ട്. തറയിലാണ് മകളെ കിടത്തുന്നത്. പാലുകൊടുക്കാന്‍ അനുവദിക്കില്ല. വീടിനുള്ളില്‍ മൂത്രമൊഴിച്ചെന്ന കാരണത്താലാണ് ക്രൂരമായി മര്‍ദ്ധിച്ചത്.”- അമ്മുമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെയാണ് കുട്ടിയെ മര്‍ദിച്ചത്. രണ്ടാനച്ഛന്‍ രതീഷിനെയും ഭാര്യ രമ്യയെയും കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

















