കൊല്‍ക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്ക് തിരിച്ചടികൾ തുടരുന്നു. മുതിർന്ന നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ എത്തിയതിന് പിന്നാലെ ബിജെപിക്ക് വോട്ട് ചെയ്തത് തെറ്റായി പോയി എന്ന് പറഞ്ഞ് പരസ്യമായി രംഗത്തിയിരിക്കുകയാണ് പ്രവർത്തകർ. ഓട്ടോറിക്ഷകളില്‍ മൈക്ക് വെച്ചുകെട്ടി തെറ്റ് ഏറ്റുപറയുകയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍.
ഈ മാപ്പു പറച്ചിലിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ബിജെപിയില്‍ പ്രവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധാരണ പ്രവര്‍ത്തകര്‍.
‘തൃണമൂലില്‍ നിന്ന് രാജിവെക്കാന്‍ പാടില്ലായിരുന്നു. ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയി. ജനങ്ങളെല്ലാം മാപ്പ് തരണം’ അനൗണ്‍സമെന്റില്‍ പറയുന്നു. നാലില്‍ അധികം ജില്ലകളില്‍ ഇത്തരത്തില്‍ മാപ്പ് പറച്ചില്‍ നടന്നതായാണ് റിപ്പോര്‍ട്ട്.
ബംഗാളില്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, ബിജെപിയില്‍ ചേക്കേറിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള ചില നേതാക്കളെ മമത ബാനര്‍ജി തിരികെ സ്വീകരിക്കുകയും ചെയ്തു.
















