ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് അരവിന്ദ് കേജരിവാൾ.കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.നാളെ മുതലാണ് നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുന്നത്. നിരോധിച്ചിരിക്കുന്ന ചില പ്രവർത്തനങ്ങളും നിയന്ത്രണ രീതിയിൽ ചെയ്യുന്ന ചില പ്രവർത്തനങ്ങളും ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി നൽകുമെന്ന് കേജരിവാൾ അറിയിച്ചു.
അതേസമയം സ്കൂൾ, കോളജ്, വിദ്യാഭ്യാസ-കോച്ചിംഗ് സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും. രാഷ്ട്രീയ, സാമൂഹിക, കായിക, വിനോദ, സംസ്കാരിക, മതപരമായ ആഘോഷങ്ങൾക്കും വിലക്ക് തുടരും. നീന്തൽ കുളങ്ങൾ, സ്റ്റേഡിയം, സ്പോട്ട്സ് കോംപ്ലക്സ്, സിനിമ തീയറ്റർ എന്നിവയും അടഞ്ഞു കിടക്കും. സ്പാ, ജിം, യോഗ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തുറക്കാൻ അനുമതിയില്ല.
സർക്കാർ ഓഫീസുകളിൽ ഗ്രൂപ്പ് എ വിഭാഗത്തിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ജോലിക്കെത്തണം. ബാക്കിയുള്ള 50 ശതമാനം പേരും ജോലിക്കെത്തണം. സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ ഒൻപത് മുതൽ അഞ്ച് വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിൽ 50 ശതമാനം പേർക്ക് ഇരുന്നു കഴിക്കാൻ അനുവദിക്കും. ഒരാഴ്ച സ്ഥിതിഗതികൾ നിരീക്ഷിക്കും. കോവിഡ് കുറയാതെ ഉയരുന്ന സാഹചര്യമുണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















