ന്യൂഡൽഹി: ആഗോള ആരോഗ്യ പരിപാലനത്തിനുള്ള കൂട്ടായ യത്നത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ച് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഓൺലൈൻ സമ്മേളനത്തില്‍ മോദി പരാമർശിച്ചു. ലോക രാഷ്ട്രങ്ങൾ ഇന്ത്യയ്ക്കു നൽകിയ പിന്തുണയ്ക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാക്സീൻ നിർമാണം സുഗമം ആക്കാൻ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തിനും പിന്തുണ ലഭിച്ചതായാണു റിപ്പോർട്ടുകൾ.
ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള പകർച്ചവ്യാധികള്‍ക്കെതിരെ ആഗോള തലത്തിലുള്ള ഐക്യം ഉറപ്പാക്കേണ്ടതു ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി7 ഉച്ചകോടിയുടെ അവസാന ദിവസമായ ഇന്നു രണ്ടു സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ജി7 രാഷ്ട്രങ്ങൾക്കു പുറമേ ഉച്ചകോടിയിൽ അതിഥികളായി പങ്കെടുക്കുന്നത്.















