റോം: ഓകസ്ഫോഡിന്റെ ആസ്ട്രസെനക വാക്സിന് 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ ഒരു ഡോസ് ആസ്ട്രസെനക എടുത്ത ചെറുപ്പക്കാരില്‍ രണ്ടാമത്തെ ഡോസ് എം.ആര്‍.എന്‍.എ അധിഷ്ഠിത മറ്റു വാക്സിനുകള്‍ നല്‍കും.
ഇറ്റാലിയന്‍ സര്‍ക്കാറിന്‍െറ സാങ്കേതിക ശാസ്ത്ര സമിതിയുടെ (സി.ടി.എസ്) നിര്‍ദേശപ്രകാരമാണ് ആരോഗ്യ മന്ത്രാലയം ആസ്ട്രസെനക വാക്സിന് 60ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് അറിയിച്ചത്.
ഏപ്രിലില്‍ യൂറോപ്യന്‍ യൂനിയന്‍െറ മെഡിസിന്‍ ഏജന്‍സി, ആസ്ട്രസെനക ഉപയോഗിക്കുന്നവരില്‍ അത്യപൂര്‍വമായി രക്തം കട്ടപിടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, വാക്സിന്‍െറ അപകട സാധ്യതകളേക്കാള്‍ അവയുടെ പ്രയോജനങ്ങള്‍ കാരണം ഇവ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു.
ആസ്‌ട്രസെനകയുടെ ആദ്യ ഡോസ് ഇതിനകം ലഭിച്ച 60 വയസ്സിന് താഴെയുള്ളവര്‍ക്ക്, എട്ട് മുതല്‍ 12 ആഴ്ചകള്‍ക്കുശേഷം ഫൈസര്‍, മോഡേണ പോലുള്ള എം.ആര്‍.എന്‍.എ അധിഷ്ഠിത വാക്സിന് എടുക്കാവുന്നതാണ്.
ആരോഗ്യപരമായ ആശങ്കകളെത്തുടര്‍ന്ന് മാര്‍ച്ചില്‍ ഇറ്റലി ആസ്ട്രസെനക വാക്സിന് തടഞ്ഞിരുന്നു.
















