ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഡിഎംകെയുടേതാണ് നിര്‍ണായക തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
താത്പര്യമുള്ള സ്ത്രീകള്‍ക്ക് ശരിയായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്.ആര്. ആന്റ് സി.ഇ.) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പുരോഹിതരാകാമെമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു പറഞ്ഞു.
‘എല്ലാ ഹിന്ദുക്കള്‍ക്കും പുരോഹിതരാകാം, താല്പര്യമുള്ള സ്ത്രീകള്‍ക്കും പുരോഹിതരാകാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം ഞങ്ങള്‍ അവര്‍ക്ക് പരിശീലനം നല്‍കും. ക്ഷേത്രത്തിലെ ഒഴിവുള്ള തസ്തികകളില്‍ അവരെ നിയമിക്കും’, മന്ത്രി പറഞ്ഞു.
ഡിഎംകെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂർത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും പി കെ ശേഖർ ബാബു പറഞ്ഞു.
എച്ച്.ആര്. ആന്റ് സി.ഇ. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൂജകള്‍ തമിഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴില്‍ പൂജകള്‍ അര്‍പ്പിക്കുന്ന എല്ലാ പുരോഹിതരുടെയും വിശദാംശങ്ങളുള്ള ഒരു ബോര്‍ഡ് സൂക്ഷിക്കും. ചില ക്ഷേത്രങ്ങളില്‍ തമിഴില്‍ പൂജകള്‍ നടത്തുന്നുണ്ടെന്നും എല്ലാ പുരോഹിതര്‍ക്കും തമിഴില്‍ പൂജകള്‍ നടത്താന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.















