കൊൽക്കത്ത: ബിജെപി ബംഗാൾ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്ന് പാർട്ടിയുടെ എംപിയും മൂന്ന് എംഎൽഎമാരും വിട്ടുനിന്നു. ബൊംഗോൺ എം.പി ശാന്തനു താക്കൂർ, ബിസ്വജിത് ദാസ്, അശോക് കീർത്താനിയ സുബ്രത താക്കൂർ എന്നിവരാണ് ജില്ലാ സംഘടനാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎയും പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയിയും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവന്ന ദിവസമാണ് ജില്ലാ യോഗം ചേർന്നത്. അന്ന് തന്നെ കൂടുതൽ പേർ വിട്ടുനിന്നത് ബിജെപിയിൽ നടക്കുന്ന പ്രശ്നനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടുതൽ പേർ ബിജെപി വിടുമെന്ന് മുകുൾ റോയ് കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിൽ ചേർന്ന തൃണമൂൽ നേതാവ് രാജീബ് ബാനർജി, കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് അധ്യക്ഷതയിൽ കൊൽക്കത്തയിൽ ചേർന്ന നിർണായക യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
















