ന്യൂഡൽഹി: ആശങ്കയുയർത്തി രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്തെ കോവിഡ് കണക്കുകൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് ബാധ ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്.
രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 7057 കേസുകളും 609 മരണവുമാണ് മഹാരാഷ്ട്രയിലുണ്ടായത്.
ഏറ്റവും കുറവ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഝാര്‍ഖണ്ഡിലാണ്. 96 കേസുകള്‍ ആണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് മരണം സ്ഥിരീകരിച്ചിരിക്കുന്നത് 23 മരണം നടന്ന ബംഗാളിലാണ്.