തിരുവനന്തപുരം: കേരളത്തിലുള്ളത് കോവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദം കാണപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഒട്ടും വിട്ടുവീഴ്ചയരുത്. പുറത്തുപോകുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വകഭേദങ്ങളെ അവ ഉത്ഭവിച്ച രാജ്യത്തിന്റെ പേര് നൽകരുതെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് വൈറസ് വകഭേദങ്ങൾക്ക് ആൽഫ്, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ പേരുകൾ നൽകിയിട്ടുണ്ട്. കേരളത്തിൽ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വൈറസാണ് കാണപ്പെടുന്നത്.
കേരളത്തിൽ നിലനിൽക്കുന്ന രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെൽറ്റാ വൈറസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാൻ ഡെൽറ്റാ വൈറസിന് കഴിയും. എന്നാൽ രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നെരത്തെ ഒരാളിൽ നിന്ന് മൂന്ന് പേർക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കിൽ ഡെൽറ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതൽ പത്ത് പേർക്ക് വരെ രോഗം പരത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപനതോതിലും കുറവുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നു. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടും. രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് യാത്രചെയ്യാന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗം വന്നാൽ പ്രതിരോധിക്കാൻ മുൻകരുതലുകൾക്ക് തയ്യാറെടുപ്പുകൾ നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷൻ വാർഡ് ഒരുക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളും നിര്‍മിക്കും. ഇതൊടൊപ്പം പീഡിയാട്രിക് ഐസിയുകളുടെ എണ്ണം നല്ലതോതില്‍ വര്‍ധിപ്പിക്കും.
യുദ്ധകാലാടിസ്ഥാനത്തിലാകും ഇക്കാര്യങ്ങള്‍ നടപ്പാക്കുക. അത്രയധികം പ്രാധാന്യം മൂന്നാം തരംഗത്തെ നേരിടുന്നതിന് സര്‍ക്കാര്‍ നല്‍കും. എല്ലാ ആശുപത്രികളുടെയും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. മൂന്നാം തരംഗം നാം ഉദ്ദേശിക്കുന്ന തരത്തില്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ പോസ്റ്റ് കോവിഡ് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കും. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സമയത്തടക്കം ഈ വാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളിലുണ്ടാകുന്ന രോഗബാധ സംബന്ധിച്ച പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പലര്‍ക്കും കടുത്ത ആശങ്കയുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.