കരവത്തി: ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യവിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾ പരസ്യമായി തുടങ്ങിയതോടെയാണ് പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യവിവര ശേഖരണത്തിന് സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചത്. കപ്പലുകളിൽ സുരക്ഷ വർധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിട്ടുണ്ട്.
മേയ് 28നും ജൂൺ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വർധിപ്പിച്ചുള്ള പുതിയ പരിഷ്കാരങ്ങൾ പോർട്ട് മാനേജിങ് ഡയറക്ടർ സച്ചിൻ ശർമ്മ നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ഷിപ്പുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവൽ രണ്ടാക്കി ഉയർത്തി കർശന നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു.
മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥർ നിരീക്ഷണത്തിന് വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും സർക്കാർ ഉദ്യോഗസ്ഥരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ സംഘടന കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ പോർട്ട് ഡയറക്ടർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. ഇതോടെ സെക്യൂരിറ്റി ലെവൽ വൺ അനുസരിച്ചുള്ള സുരക്ഷ തുടരും.
ജീവനക്കാർ ബോട്ടിൽ കയറുന്നതിനോട് തൊഴിലാളികൾ നേരത്തെ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഉത്തരവിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നത്. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെൻട്രൽ സെക്രട്ടറിയേറ്റ് ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്‍റ് ഏവിയേൻ ഡയറക്ടർക്ക് കത്ത് നൽകി.
സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്താൻ വിവിധ കേന്ദ്ര ഏജൻസികൾ അടക്കം നിലവിൽ പരിശോധന നടത്തുന്നുണ്ട്. ലോക്കൽ പൊലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളിൽ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. എട്ട് മുതൽ 10 മണിക്കൂർവരെ കടലിൽ ജോലി ചെയ്യേണ്ടിവരുന്നത് പരിചയമില്ലാത്ത ഉദ്യോഗസ്ഥർക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കും ഈ സഹാചര്യത്തിൽ തീരുമാനത്തിൽ നിന്ന് പിൻവലിക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം.