തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും പോരാട്ടം ഇടതുപക്ഷത്തിന് എതിരാണെന്നും കെ.സുധാകരൻ. കേരളത്തിൽ ബിജെപി ദുർബലമാണെന്നും അതിനാൽ ബിജെപിയെ നേരിടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റിൽ താൻ ബിജെപിക്ക് എതിരായിട്ടാണ് സംസാരിക്കുകയെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. സിപിഎമ്മിനെതിരെ പറയുമ്പോൾ ഉണ്ടാകുന്ന ഊർജം ബിജെപിക്ക് എതിരെ പറയുമ്പോൾ ഉണ്ടാകുന്നില്ല.
ദേശീയ തലത്തിൽ ബിജെപിയാണ് ശത്രു. പക്ഷെ താനും തന്റെ പാർട്ടി പ്രവർത്തിക്കുന്നതും കേരളത്തിലാണ്. കേരളത്തിൽ ബിജെപി ദുർബലർ ആണെന്നും വിമർശനം. വളരാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
താൻ ബിജെപിയിലേക്ക് പോകുമെന്ന് എപ്പോഴാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ച ആര് ആയാലും വ്യക്തമാക്കണം. ബിജെയിലേക്ക് പോകണമെങ്കിൽ തനിക്ക് ആരുടെയും എൻഒസി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ കോൺഗ്രസിൽ ജനിക്കുകയും വളരുകയും ചെയ്ത ആളാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള തന്നെ ആർഎസ്എസ് മേലങ്കി അണിയിക്കാൻ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.