തിരുവനന്തപുരം: വയനാട് മൂട്ടിൽ മരംമുറി കേസിൽ ഉന്നതർക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയിൽ. വനം കൊള്ളയ്ക്ക് സർക്കാർ കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ വന്നത് വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന് പി ടി തോമസ് പറഞ്ഞു.
നൂറ് വർഷത്തിലേറെ പഴക്കമുള്ള ഈട്ടി തടികൾ മുറിച്ച് കടത്തി. സർക്കാരിനെ പ്രതികൾ സ്വാധീനിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാൻ തയ്യാർ ഉണ്ടോയെന്നും കരാർ ഏറ്റെടുത്ത ഹംസയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷം. നവംബർ ,ഡിസംബർ മാസങ്ങളിലാണ് വനംകൊള്ള നടന്നത്. മരംമുറി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് അവധി എടുക്കേണ്ടി വന്നു.
പകരം ഉദ്യോഗസ്ഥൻ എങ്ങനെ വന്നു എന്നത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേ സമയം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ വനം മന്ത്രി എ.കെ ശശീന്ദ്രൻ വിശദീകരണവുമായി എത്തി.മൂട്ടിൽ മരംമുറി നടന്നത് സർക്കാർ ഉത്തരവ് ദുർവ്യാഖാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.