ന്യൂഡല്‍ഹി: വിദേശത്ത് പോകേണ്ടവര്‍ക്ക് കോവിഡ് വാക്സിന് ഡോസുകളിലെ ഇടവേള കുറച്ചു. 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിർദേശം നൽകി.
ടോക്കിയോ ഒളിമ്പിക്കിൽ പങ്കെടുക്കുന്നവർക്കും, ജോലി, പഠനം എന്നീ ആവശ്യങ്ങൾക്കായി പോകുന്നവർക്കുമാണ് ഇളവ്. ഇവർ കോവിൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടിൽ ഉൾപ്പെടുത്തണം. ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ്.
വിദേശത്തേക്ക് പോകുന്നവർക്ക് കൊവിഷീൽഡ് വാക്സിൻ സർട്ടിഫിക്കേറ്റ് പര്യാപ്തമാണെന്നും മറ്റ് യോഗ്യതാ സർട്ടിഫിക്കേറ്റുകൾ ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനാണ് കൊവിഷീൽഡെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടാക്കാട്ടി.
അതേസമയം, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുകയെന്നു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.