ഇന്ന് ലോക പരിസ്ഥിതി ദിനം. മനോഹരമായ ഭൂമിയിലെ സ്വർഗം കൂടിയാണ് നമ്മുടെ പരിസ്ഥിതി. അതിനാൽ അവ എക്കാലവും സംരക്ഷിക്കപ്പെടുമെന്ന് നമ്മൾക്ക് പ്രതിജ്ഞയെടുക്കാം. പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ഓർമകളിൽ കൂടിയാണ് ഇത്തവണ പരിസ്ഥിതി ദിനം കടന്നു പോകുന്നത്. അത് പോലെ എത്രയെത്ര പ്രകൃതി സ്നേഹികളുടെ കൈയ്യൊപ്പ് കൂടിയാണ് പ്രകൃതിയുടെ ഈ മനോഹാരിത.
എന്നാൽ ഈ മനോഹാരിത എന്നോ നമ്മൾ മനുഷ്യർക്ക് കൈമോശം വന്നിരിക്കുകയാണ്. ഇതിന്റെ തെളിവ് കൂടിയാണ് തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും. എന്നാൽ പ്രകൃതിയെ അടുത്തറിഞ്ഞ മനുഷ്യരും സംരക്ഷിച്ച മനുഷ്യരും കൂടി ഉൾപ്പെട്ടതാണ് ഈ പരിസ്ഥിതി. പണ്ട് കാലത്ത് മനുഷ്യർ സ്വന്തമായി ഭൂമിയില്ലാതെ നടന്നുവെങ്കിൽ ഇന്ന് മനുഷ്യർ കാട് വെട്ടി തെളിച്ച് സ്വന്തം ഭൂമിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഈ നെട്ടോട്ടത്തിൽ നമ്മൾക്ക് നഷ്ടമാകുക പ്രകൃതി മാത്രമല്ല. നമ്മുടെ ഭാവി തലമുറ കൂടി കണ്ട് വളരേണ്ട ചില മനോഹരമായ കാഴ്ചകൾ കൂടിയാണ്. നിർത്താം പ്രകൃതിയോടുള്ള ഈ ക്രൂരത.
ഏതോ ഒരു ചിത്രകാരന്റെ ഭാവനയിൽ തെളിഞ്ഞ ഒരു സുന്ദര ചിത്രം പോലെ സുന്ദരമാണ് നമ്മുടെ ഭൂമി. ഒരു കവി ചിട്ടപ്പെടുത്തിയ കവിതപോലെ മനോഹരവും.നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി കൂടിയുള്ളതാണ് ഈ ഭൂമി.അതിനെ മറന്ന് ഒന്നും ചെയ്യരുത്. ഒരു പക്ഷെ നമ്മളുടെ കരുതൽ ഇല്ലായ്മ് നാളെ വലിയ നാശങ്ങൾക്ക് വഴി തെളിച്ചേക്കാം.നാം എന്തിന് വന്ന വഴികൾ മറന്ന് പുതിയ വഴികൾ തേടി പോകണം?
മറക്കാതിരിക്കാം നമ്മുക്ക് നമ്മുടെ പ്രകൃതിയെ. അത് ഒരു ചുമതലയല്ല, ഏവരുടെയും കർത്തവ്യമാണ്. പൊരുതാം നമ്മൾക്ക് പ്രകൃതിയുടെ സംരക്ഷണത്തിന്. ഈ ഒരു ദിനത്തിലെങ്കിലും ഒരു മരം നമ്മൾക്ക് ഉള്ള ചെറിയ സ്ഥലങ്ങളിൽ നട്ട് പ്രകൃതിയോടുള്ള സ്നേഹം നമ്മുക്ക് വെളിപെടുത്താം.ഒരു ചിത്രകാരന്റെ ഭാവനയിൽ തെളിഞ്ഞ ഈ ഭൂമി അതേപടി തന്നെ തുടരട്ടെ. നാം ഏല്പിച്ച കളങ്കങ്ങൾ അല്ലാതെ മറ്റൊന്നുമില്ല പ്രകൃതിയുടെ മടിത്തട്ടിൽ. ഒന്നായി ഒറ്റക്കെട്ടായി പ്രതിജ്ഞയെടുക്കാം ഈ ദൃശ്യ ചാരുത ഒരു ഭൂതകാലമായി മാറാതെ തുടരാൻ.