തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ജനം മുഴുവൻ ബുദ്ധിമുട്ടിലായതിനാൽ സംസ്ഥാനത്ത് പുതിയ നികുതികൾ നിർദേശിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ പ്രവാസികൾക്കായി പ്രത്യേക ലോൺ നൽകാനും പ്രത്യേക അനൂകൂല്യം നൽകുമെന്നും ബജറ്റിൽ പറയുന്നു.
18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റിൽ അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി വകയിരുത്തി.
മഹാമാരിയെ ചെറുത്തുതോൽപ്പിക്കുകയെന്നത് വികസനത്തിന്‍റെ മുൻ ഉപാധിയായി മാറി. മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ ആഘാതം കുറക്കുകയും മൂന്നാം തരംഗം ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അതിലൂടെ മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാനാകൂ. എല്ലാത്തിനും മുൻപ് ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നൽകും. അടുത്ത കാലവർഷത്തിനു മുൻപ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കനാലുകൾ സംരക്ഷിക്കും. കണ്ടൽക്കാടുകൾ സംരക്ഷിക്കും. നദികൾ ആഴം കൂട്ടും. തടാകങ്ങളിലെയും കനലുകളിലെയും മണ്ണ് നീക്കം ചെയ്യും. 500 കോടി രൂപ ഇതിന് മാത്രം ചെലവ് വരും. ഇതിനായി 50 കോടി രൂപ മാറ്റിവെച്ചു.
സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.
പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കൾ വർധിപ്പിക്കും. 150 മെട്രിക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചു.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലഘട്ടത്തിൽ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സമഗ്രമായിരുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആ ബജറ്റിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.