ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങി. ഇതോടെ പല സംസ്ഥാനങ്ങളും അൺലോക്ക് നടപടികൾക്ക് തുടക്കമിടുകയാണ്. ഡൽഹിയും ഉത്തർപ്രദേശും ഘട്ടം ഘട്ടമായി തുറന്നിടൽ നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോൾ അൺലോക്ക് സംബന്ധിച്ച് മൂന്നിന മാർഗനിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് ഐസിഎംആർ തലവൻ ഡോ.ബൽറാം ഭാർഗവ.
പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ എത്തിയാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അൺലോക്ക് നടപടികൾക്ക് തുടക്കമിടാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഴ്ച കാലയളവിൽ ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അപകട സാധ്യത കൂടുതൽ ഉള്ള ആളുകളിൽ 70 ശതമാനത്തിന് മുകളിൽ ആയിരിക്കണം വാക്‌സിനേഷൻ.
അല്ലാത്ത പക്ഷം ഇതിന് വേണ്ട നടപടികൾ സ്വീകരിച്ച ശേഷം അൺലോക്കിന് തുടക്കമിടാമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാണമെന്നും നിർദേശമുണ്ട്. ജില്ലകളെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശങ്ങൾ. ഇത് അനുസരിച്ച് ഘട്ടം ഘട്ടമായി അൺലോക്ക് നടപ്പാക്കാം.