തൃശ്ശൂര്‍: തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം. നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാന്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിന്റെ മൊഴി നാളെ എടുക്കും.
അനീഷ് കുമാറിനോട് നാളെ പൊലീസ് ക്ലബിൽ ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കി. കൊടകര കേസിൽ കവര്‍ച്ചാ പണം ബിജെപിയുടേത് തന്നെ എന്ന് സ്ഥീരീകരിക്കുന്ന നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ പലവട്ടം ബന്ധപ്പെട്ടതെന്നുമായിരുന്നു ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയുടെ മൊഴി.
എന്നാല്‍ ധര്‍മ്മരാജന് ബിജെപിയില്‍ യാതൊരു പദവികളുമില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് ചുമതലകളും ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതുകൊണ്ടുതന്നെ, കൂടുതല്‍ ബി.ജെ.പി. നേതാക്കളെ ചോദ്യംചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സൂചന നല്‍കി.
അതേസമയം, പൊലീസ് നിയമപരിധിക്കപ്പുറത്താണ് കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്ന് നിലപാടിലാണ് ബി.ജെ.പി. കവര്‍ച്ചക്കേസ് അന്വേഷിക്കേണ്ട പൊലീസ് പണത്തിന്റെ ഉറവിടവുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.