ലണ്ടന്‍: യു.കെയില്‍ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന് മുന്നറിയിപ്പ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ശാസ്ത്ര ഉപദേഷ്ടാവാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകേഭദം യു.കെയില്‍ മൂന്നാം തരംഗത്തിന് കാരണമാവുമെന്നാണ് ആശങ്ക. ജൂണ്‍ 21 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ യു.കെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇത് നീട്ടിവെക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവ് വന്നു തുടങ്ങിയത്.
കുറഞ്ഞ എണ്ണം രോഗികളുമായാണ് കോവിഡിന്‍റെ എല്ലാ തരംഗവും ആരംഭിക്കുക. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ് ചെയ്യുക. മൂന്നാം തരംഗത്തിന്‍റെ സൂചനകളാണ് പ്രകടമാവുന്നതെന്ന് യു.കെയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
















