കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ തല്‍സ്ഥാനത്തുനിന്ന് വിരമിച്ചു. അദ്ദേഹം ഇനി മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ആയി പ്രവർത്തിക്കും. മമതാ ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. ഇന്ന് ഡൽഹിയിലെത്താനുള്ള നിർദേശം പാലിക്കാത്തതിന് ആലാപൻ ബന്ദോപാധ്യയ്ക്ക് കേന്ദ്ര പഴ്സനൽ മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് നൽകി.
സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മമതയും ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ല.
ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു. കേന്ദ്ര സർവീസിലേക്ക് തിരികെ വിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ ഉടൻ വിട്ടുനൽകാനാകില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചിരുന്നു.