തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15 നകം പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാല്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കും. ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കും.
വാക്സിന്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്സിന്‍ നിര്‍മാണ കമ്ബനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കമ്ബനികള്‍ക്ക് താല്‍പര്യമുണ്ടെന്നും അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
18 വയസിനും 44 വയസിനും ഇടയിലുള്ള ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ മെയ് 19ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 32 വിഭാഗം ആളുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. മെയ് 24ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 11 പുതിയ വിഭാഗങ്ങളെ കൂടെ കൂട്ടിച്ചേര്‍ത്തു. അതില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടെ ഉള്‍പ്പെടുത്തി.
പാസ്പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടെ അവര്‍ക്കാവശ്യമായ വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ആ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ വിസ, ജോലിയുടേയും പഠനാവശ്യങ്ങളുടേയും വിശദാംശങ്ങള്‍ എന്നിവയുമായി വേണം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.