ചെന്നൈ: ഒഎന്‍വി സാഹിത്യ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. മീടു ആരോപണങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് തന്നെ പരിഗണിച്ചതിന് നന്ദിയെന്നും സമ്മാനതുക മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വൈരമുത്തു പറഞ്ഞു.
പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും അറിയാം. തന്റെ സത്യസന്ധത എവിടെയും ഉരച്ചുനോക്കി തെളിയിക്കേണ്ട കാര്യങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ തീരുമാനം പുനപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക സമിതി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈരുമുത്തുവിന്റെ പ്രതികരണം. നടി പാര്‍വ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആര്‍ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേര്‍ മിടൂ ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഒഎന്‍വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
















