ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടപ്രകാരം സമൂഹമാധ്യമ കമ്പനികള്‍ വിവരങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫെയ്സ്ബുക്, വാട്സാപ്പ് എന്നിവയാണ് വിവരങ്ങള്‍ നല്‍കിയത്. അതേസമയം, ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു.
ഏഴ് സാമൂഹ്യമാധ്യമങ്ങള്‍ വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം, ഷെയര്‍ചാറ്റ്, ലിങ്ക്ഡ് ഇന്‍, കൂ എന്നിവയാണ് പുതിയ ചട്ടങ്ങള്‍ ഭാഗികമായി നടപ്പാക്കിയത്. പുതിയ ഐടി ചട്ടങ്ങളിലെ മൂന്ന് നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇവര്‍ ഐടി മന്ത്രാലയത്തിന് നല്‍കി.
ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണ്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും സുപ്രധാനമായ ചട്ടങ്ങള്‍ സംബന്ധിച്ച് വിവരം സമൂഹമാധ്യമങ്ങള്‍ ഐടി മന്ത്രാലയത്തിന് നല്‍കിയിട്ടില്ല.
സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ട്വിറ്റര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഒരു അഭിഭാഷകനെ നോഡല്‍ ഓഫിസറായി നിയമിച്ചെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.