കൊച്ചി: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കൊച്ചിയില്‍ എത്തി. പൂനെയില്‍നിന്നു ലൈപോസോമല്‍ ആംഫറ്റെറിസിന്‍ ബി മരുന്നിന്റെ 240 വയല്‍ ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുവന്നത്. ബ്ലാക്ക് ഫംഗസിനുള്ള കേരളത്തിലെ മരുന്ന് ക്ഷാമം ഇതുവഴി പരിഹരിക്കാനാകുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രോഗികളുടെ എണ്ണം കൂടുകയും ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാതാകുകയും ചെയ്തതോടെ സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിലായിരുന്നു. അതേസമയം നിലവിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുമെങ്കിലും ഇനിയും കൂടുതല്‍ ലഭ്യമാകേണ്ടതുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ബ്ലാക്ക് ഫംഗസ് രോഗം സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയതോടെയാണു മരുന്നിന് ക്ഷാമം നേരിട്ടത്. ഇത് കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വഴി ആശുപത്രികളിലേക്ക് വിതരണം ചെയ്യും.
കടുത്ത ഫംഗല്‍ രോഗത്തിന് നേരത്തെ മുതല്‍ ഉപയോഗിച്ചു വരുന്ന മരുന്നാണിത്. കടുത്ത പാര്‍ശ്വഫലങ്ങള്‍ക്കു കാരണമായേക്കാവുന്ന മരുന്ന് വിദഗ്ധരായ ഡോക്ടര്‍ക്കു മാത്രമേ നിര്‍ദേശിക്കാന്‍ സാധിക്കൂ.
സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി രോഗികള്‍ വിവിധ മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തമിഴ്നാട്ടില്നിന്നുള്ളവരടക്കം ചികിത്സയിലുണ്ട്. മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. രക്തത്തിലെ ഫംഗസ് സാന്നിധ്യം ഇല്ലാതാക്കാനും മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമാണ് ആന്റി ഫംഗല്‍ ഇന്ജക്ഷന് മരുന്നായ ആംഫോടെറിസിന്‍- ബി നല്‍കുന്നത്.
ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വന്നുപോയശേഷം ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.