തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടരാനാണ് സാധ്യത. മെയ് 30 വരെയാണ് ലോക്ക്ഡൗൺ നിലവിലുള്ളത്.
നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിക്കാറായി എന്ന് പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊറോണ വ്യാപനം വിലയിരുത്തിയ ശേഷമായിരിക്കും ലോക്ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനമെടുക്കുക. കൊറോണ വ്യാപന നിയന്ത്രണത്തിനാണ് ആദ്യം പ്രധാന്യം കൊടുക്കുന്നത്. അതിന് വിഘാതമാകുന്ന മേഖലകളിൽ ഇളവ് അനുവദിക്കാനാകില്ല. ജീവിത മാർഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിച്ച് ഇളവുകൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിതസമയത്തേക്ക് തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചകിരി മില്ലുകൾക്ക് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകും. വളം, കീടനാശിനി കടകൾ ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കും. ടെക്നിക്കൽ സർവകലാശാലയിൽ അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഉയർന്ന നിർദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ മാറിക്കഴിഞ്ഞാൽ ജൂൺ 15 മുതൽ പരീക്ഷകൾ ആരംഭിക്കാമെന്നാണ് വിസിമാരുടെ വിലയിരുത്തൽ. അതനുസരിച്ച് പരീക്ഷ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.