തിരുവനന്തപുരം: ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി വിജയന്. ബുധനാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. സര്‍ക്കാര്‍ നയം നടപ്പിലാക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാര്‍. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്ക്കുന്നു. ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാളുടെ കൈയില്‍ ഫയല്‍ എത്രകാലം വയ്ക്കാം എന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര് പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയല്‍ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയില്‍ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തില്‍ ആലോചന വേണം. തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോള്‍ അനാവശ്യമായ ഭയവും ആശങ്കയും ആര്‍ക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയല്‍ തീര്‍പ്പാക്കാല്‍ പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ രണ്ടുതവണ നടപ്പാക്കി. ഇത് ഭരണക്രമത്തിന്റെ ഭാഗമായി തീര്‍ക്കണം. സങ്കട ഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തെല്ലാം എന്നുകൂടി സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം.
ഭരണപരിഷ്കരണവും നവീകരണവും തുടര്‍പ്രക്രിയായി നടക്കേണ്ടതാണ്. ഭരണപരിഷ്കാര കമ്മീഷനിലെ ശുപാര്‍ശകള്‍ ഗൗരവമായി കണ്ട് നടപടി സ്വീകരിച്ചോ എന്ന് ഒരോ സെക്രട്ടറിയും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ പരമാവധി നിയമനം നടത്താവുന്ന രീതിയിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ, ഹയർകേഡർ ഒഴിവുകൾ ഡീഗ്രേഡ് ചെയ്ത് റാങ്ക് ലിസ്റ്റ്നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി പത്തിന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിലെ പുരോഗതി പരിശോധിക്കും. വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം എന്ന് നിർദേശിച്ചിരുന്നു. ഇത് കൃത്യമായി നടന്നോ എന്ന് ചീഫ് സെക്രട്ഠരി പരിശോധിക്കും. ഇനിയും പിഎസ്.സിക്ക് വിടാതെ നിയമനങ്ങൾ ഏറ്റെടുക്കാൻ സ്പെഷ്യൽ റൂൾ വേണം. അതിനുള്ള നടപടി സെക്രട്ടരിമാർ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.