ന്യൂ ഡല്‍ഹി: കോവിഡ് വൈറസ് വായുവിലൂടെ പകരുമോയെന്ന സംശയത്തിന് വ്യക്തമായ ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വായുവിലൂടെ പകരാനും സാധ്യതയുണ്ടെന്നാണ് കോവിഡ് 19 ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം വ്യക്തമാക്കുന്നത്. രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും വൈറസ് പകരുമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതോടെ സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ പകരുന്നതെന്ന ധാരണകളാണ് തിരുത്തപ്പെടുന്നത്. അതേസമയം, വൈറസിന് വായുവിലൂടെ പത്തുമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിതരുടെ ഉമിനീര്‍, മൂക്കില്‍നിന്ന് പുറത്തു വരുന്ന ദ്രവം എന്നിവ രണ്ടുമീറ്റര്‍ അകലത്തില്‍ വരെ പതിച്ചേക്കാം ഇതില്‍നിന്ന് വായുവിലൂടെ മറ്റൊരാളിലേക്ക് വൈറസ് എത്തുന്നു. വൈറസ് കണങ്ങള്‍ വായുവിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിനാല്‍ അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ ആളുകള്‍ രോഗ ബാധിതരാകാനുളള സാധ്യത ഉയര്‍ന്നതാണെന്നും അതിനാല്‍ രോഗബാധിതര്‍ ഉള്ളിടിങ്ങളില്‍ വായുസഞ്ചാരം ഉറപ്പാക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്.