ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലത്താല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഒഡീഷയിലെ ബാലസോറിനും ധമ്‌റയ്ക്കും ഇടയിലെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. 13 ലക്ഷം പേരെ ഒഴിപ്പിച്ചു. കൂടാതെ കൊല്‍ക്കത്ത, ഭൂവനേശ്വര്‍ വിമാനത്താവളങ്ങള്‍ അടച്ചു. അതേസമയം, പശ്ചിമബംഗാളിലെ അഞ്ചു ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അതിനിടെ യാസ് ചുഴലിക്കാറ്റ് ഝാര്‍ഖണ്ടിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുണ്ട്.
മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയിലാണ് യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡീഷ ഒഴിപ്പിച്ചിരുന്നു. മയൂബ്ഗഞ്ച് ജില്ലയിലേക്കാണ് കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ തീവ്രത രണ്ടു മണിക്കൂറില്‍ കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷ.
ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് തിരമാലകള്‍ ഉയരുന്നതിനാല്‍ തീരത്ത് ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും തീരത്ത് ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണിക്കാണ് ചുഴലിക്കാറ്റ് തീരത്ത് എത്തിയത്.
ദുരന്ത നിവാരണ സേനയെ അടക്കം പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയിലെ പശ്ചിമ ബംഗാളിലും കനത്ത മഴയാണ് പെയ്യുന്നത്. അതേ സമയം ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്.