കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡീഷ തീരത്തേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. നിലവില്‍ പാരാദ്വീപിന്റെ തെക്കു കിഴക്കായി 280 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ചുഴലിക്കാറ്റുള്ളത്.
നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളോട് അതീവജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈസ്റ്റ്–സെന്‍ട്രല്‍ റെയില്‍വേ പത്തു സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി.
പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലെയും ഏട്ട് ജില്ലകളെ ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒഡീഷയിലെ ചാന്ദിപ്പൂർ, ബാലസോർ മേഖലയിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. കൊടുങ്കാറ്റിനും പേമാരിക്കുമൊപ്പം കടുത്ത ഇടിയുമുണ്ടാകുമെന്നാണു മുന്നറിയിപ്പ്. കരകയറിയതിനുശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങുന്ന യാസിനു പുതുക്കെ ശക്തി കുറയും. പുരി, ജഗല്സിംഗപൂര്, കട്ടക്, ബലാസോര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ഈസ്റ്റ്മിഡ്നാപ്പൂര്‍, വെസ്റ്റ് മിഡ്നാപ്പൂര്‍, പുരിലിയ, ജാര്‍ഗാം തുടങ്ങിയ ജില്ലകളിലും യാസ് ആഞ്ഞടിക്കും.
ജില്ലാ മജിസ്ട്രേറ്റുമാർ നേരിട്ടാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. പശ്ചിമബംഗാളിൽ വടക്കൻ ജില്ലകളിലും ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. പശ്ചിമബംഗാളിൽ 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സർക്കാർ കണക്കുകൾ. ഇവിടേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു.
നേരത്തേ പ്രവചിച്ചിരുന്നതില്‍ നിന്നും കൂടിയ വേഗത്തിലാണു യാസ് തീരത്തേക്ക് അടുക്കുന്നത്. നിലവില്‍ പാരാദ്വീപിനു തെക്കു കിഴക്കായി 280 കിലോമീറ്റര്‍ അകലെയാണുള്ളത്. വരും മണിക്കൂറുകളില്‍ കാറ്റിന് വേഗവും ശക്തിയും കൂടും. പാരാദ്വീപിനും സാഗര്‍ ഐലന്റിനും ഇടയില്‍ കൂടി നാളെ ഉച്ചയോടെ ഒഡീഷയിലെ ദക്ഷിണ ബലാസോറില്‍ കൂടി തീരത്തേക്കെത്തും. മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റായാണു യാസ് തീരം തൊടുകയെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.