തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ കോൺഗ്രസിലെ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർദേശം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചത്.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. എം.പിമാരുടെയും യുവ എം.എല്‍.എമാരുടെയും ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചത്.
നിലവിൽ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ വി.ഡി. സതീശൻ പറവൂരിൽ നിന്നുള്ള നിയുക്ത എം.എൽ.എയാണ്. 2001ലെ കന്നി തെരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവർത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി.