ന്യൂഡൽഹി: കോവിഡ് വൈറസിന് ഇന്ത്യൻ വകഭേദമില്ലെന്ന് കേന്ദ്ര സർക്കാർ. ബി.1.167 എന്നത് കോവിഡിന്റെ ഇന്ത്യൻ വകഭേദമെന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കം ചെയ്യാൻ നിർദേശിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ കത്ത് നൽകി. ബി.1.167 എന്നത് ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന എവിടെയും ഉദ്ധരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം വ്യാപിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നു.
ഇത് തെറ്റായ കാര്യമാണ്.ഇത് കോവിഡിന്റെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടനാ പ്രസ്താവിക്കാത്ത സാഹചര്യത്തിൽ അത്തരം പ്രയോഗങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് സാമൂഹ്യമാധ്യമങ്ങൾക്ക് നൽകിയ കത്തിൽ ഐ.ടി മന്ത്രാലയം വ്യക്തമാക്കുന്നു.സൗത്ത് ആഫ്രിക്ക,ബ്രസീൽ,ബ്രിട്ടൺ എന്നി രാജ്യങ്ങളിലെ വകഭേദങ്ങൾക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.167.എന്നാൽ ഇതിൽ ഏതെങ്കിലും രാജ്യത്തിൻറെ പേര് സൂചിപ്പിച്ചിട്ടില്ല.