കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയ്ക്ക് ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ കൂടി അയച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ്. തർകാഷ് കപ്പലിലാണ് ചരക്ക് കൊണ്ടുവരുന്നത്. രണ്ട് ക്രെയോജനിക് ടാങ്കറുകളിലായാണ് ഓക്സിജൻ നിറച്ചത്. ഇതോടെ, ഏകദേശം 160 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി തന്നെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി ഇന്ത്യൻ എംബസി പറഞ്ഞു.
ഇന്ത്യക്കായി എല്ലാവിധ കൊവിഡ് സഹായം എത്തിക്കാനായി അമീർ ശൈഖ് തമീം ബിൻ ഹമദ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയ്ക്ക് ഖത്തറിൽ നിന്ന് എല്ലാ വിധ കൊവിഡ് സഹായങ്ങൾ തുടരുമെന്നും ഇനിയും ഓക്സിജൻ അയക്കാനുള്ള ശ്രമങ്ങളും തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.