തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24, 25 തീയതികളില്‍ വിളിച്ചു ചേര്‍ക്കാന്‍ ശിപാര്‍ശ. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
പ്രോ ടൈം സ്പീക്കറായി കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീമിനെ നിയമിക്കാനും ശിപാര്‍ശ ചെയ്തു. മന്ത്രിസഭയുടെ ശിപാര്‍ശയ്ക്ക് ഗവര്‍ണറുടെ അംഗീകാരം കൂടി ലഭിക്കാനുണ്ട്.
സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് രാഗേഷ്. ദേശീയ തലത്തിൽ നടന്ന കർഷക സമരത്തിൽ സജ്ജീവ സാന്നിധ്യമായിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പിഎം മനോജും തുടരും. ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി മുൻ ഐ ആർ എസ് ഉദ്യോഗസ്ഥൻ ആർ മോഹനെ നിയമിച്ചു.