ന്യൂഡൽഹി : രാജ്യത്ത് കോവിഡിനും ബ്ലാക്ക് ഫംഗസിനും പിന്നാലെ ആശങ്കയായി വൈറ്റ് ഫംഗസും. നാല് പേർക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു.
ഇത് ശ്വാസകോശത്തേയും മറ്റ് ശരീരഭാഗങ്ങളേയും ഉൾപ്പെടെ നഖം, ചർമ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, വായ എന്നിവയെയും ബാധിക്കും എന്നാണ് കണ്ടെത്തൽ. കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് വൈറ്റ് ഫംഗസിനും കണ്ട് വരുന്നത്.
ബീഹാറിലെ പട്നയിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
രോഗം സ്ഥിരീകരിച്ച നാല് പേരിലും കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് കണ്ടിരുന്നത്. എന്നാൽ ഇവരിൽ ആരും തന്നെ കൊറോണ പോസിറ്റീവ് ആയിരുന്നില്ല എന്ന് വിദഗ്ധർ പറയുന്നു. രോഗികളുടെ ശ്വാസകോശത്തെ ഇത് ബാധിച്ചിരുന്നു. തുടർന്ന് ആന്റി ഫംഗൽ മരുന്നുകൾ നൽകിയതോടെ അത് ഭേദമായി എന്നാണ് വിവരം.
രോഗപ്രതിരോധ ശേഷി കുറവുള്ളവർ, പ്രമേഹ രോഗികൾ, വളരെ കാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന ആളുകൾ എന്നിവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ് എന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.