ഇസ്രായേൽ പലസ്തീനിലെ ഗാസ മുനമ്പിൽ നടത്തുന്ന ആക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്ത് വരുന്നത് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പലമടങ്ങ് കുറവാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുൾപ്പെടെ പറയുന്നത്. അതിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നത് ഖത്തർ ചാനലായ അൽ-ജസീറയാണ്. അതിനാലാകണം അൽ-ജസീറ ചാനലിനെ വിലക്കാൻ ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ് തയ്യാറായത്.
മാധ്യമ പ്രവർത്തനത്തിൽ സത്യം പറയാതിരിക്കൽ വലിയ തെറ്റ് തന്നെയാണ്. ലോകത്തെ പല വമ്പൻ മാധ്യമങ്ങളും ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ച് സത്യത്തെ മറച്ച് വെച്ചപ്പോൾ പലസ്തീൻ വിഷയത്തിൽ അത് പുറത്ത് കൊണ്ട് വരുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മാധ്യമങ്ങളിൽ പ്രധാപ്പെട്ടതാണ് അൽ-ജസീറ. ഇസ്രായേൽ മനുഷ്യക്കുരുതിയെ കുറിച്ച് യഥാർഥ വിവരങ്ങൾ ഉടനടി ലോകത്തെ അറിയിക്കുന്ന അൽ ജസീറ ചാനലിന് വന്ന നിയന്ത്രണം ഞെട്ടിക്കുന്നതാണ്.
അൽജസീറ ചാനലിന്റെ അറബിക് ലൈവ് സ്ട്രീം കാണുന്നതിനാണ് ബുധനാഴ്ച പുലർച്ചെ മുതൽ പ്രായപരിധി നിയന്ത്രണം ഏർപ്പെടുത്തിയത്. ചാനലിന്റെ ഉള്ളടക്കം അനുചിതമായിരിക്കാമെന്നും തത്സമയ സ്ട്രീം കാണുന്നതിന് ഉപയോക്താവിന്റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും പറയുന്ന നോട്ടീസാണ് അൽ ജസീറ യൂട്യൂബ് പേജിൽ കാണിച്ചത്.
എന്നാൽ, വ്യാപക വിമർശനങ്ങളുയർന്നതോടെ ഇത് പിന്നീട് പിൻവലിച്ചു. വൈകീട്ടോടെയാണ് നിയന്ത്രണം നീക്കിയതായി അറിയിപ്പ് ലഭിച്ചത്. അക്രമ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനാൽ അൽ ജസീറ അറബിക് ലൈവിന് പ്രായപരിധി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിൽ അത്തരം ഉള്ളടക്കം ഇല്ലാത്തതിനാൽ പ്രസ്തുത പ്രായപരിധി നിയന്ത്രണം നീക്കി എന്നായിരുന്നു ഇതേ കുറിച്ചുള്ള യൂട്യൂബ് വിശദീകരണം.
അതേസമയം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മൊത്തത്തിൽ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് യൂടൂബിന്റെ ഈ നിയന്ത്രണമെന്നാണ് മനുഷ്യാവകാശ പ്രവത്തകരും പ്രമുഖ മാധ്യമ പ്രവർത്തകരും ഇക്കാര്യത്തിൽ പ്രതികരിച്ചത്. പലസ്തീനുമായി ബന്ധപ്പെട്ടുള്ള വിലക്ക് ഇത് ആദ്യസംഭവമല്ല. മെയ് ആദ്യം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അധിനിവേശ കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജർറാഹിലെ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും അത്തരം അക്കൗണ്ടുകളും വ്യാപകമായി നീക്കം ചെയ്തതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഈ ആരോപണം നിലനിൽക്കെയാണ് അൽജസീറയുടേതടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകൾ പ്രവൃത്തിക്കുന്ന 13 നില കെട്ടിടം കഴിഞ്ഞ ശനിയാഴ്ച ഇസ്രായേൽ ബോംബിട്ട് തകർത്തത്. അൽജസീറ, വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എ.പി), മിഡിൽ ഈസ്റ്റ് ഐ എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർത്തത്. ബോംബ് വർഷിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കെട്ടിടം ഒഴിയണമെന്ന അറിയിപ്പ് ഇസ്രായേൽ പട്ടാളം ഫോണിലൂടെ നൽകിയത് കൊണ്ട് മാത്രം മാധ്യമപ്രവർത്തകരുടെ ജീവൻ രക്ഷപ്പെട്ടു. പക്ഷേ, കനത്ത നഷ്ടമുണ്ടായി.
പലസ്തീനിൽ നടക്കുന്ന മനുഷ്യക്കുരുതിയുടെ വാർത്തകൾ പുറം ലോകം അറിയരുതെന്നത് ഇസ്രേയിലിന്റെ ആവശ്യമാണ്. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന ലോക രാജ്യങ്ങൾ ആകട്ടെ ഇവരുടെ ഈ ആവശ്യത്തിനൊപ്പമാണെന്ന് പറയേണ്ടതില്ല. അത്കൊണ്ട് തന്നെ അവിടെ നടക്കുന്ന യഥാർത്ഥ സംഭവങ്ങൾ പുറം ലോകം അറിയുന്നില്ല എന്നത് തന്നെയാണ് സത്യം. ജനങ്ങൾക്ക് നേരിട്ട് ഇക്കാര്യങ്ങൾ അറിയാക്കാമെന്ന് കരുതുന്നു എങ്കിൽ, അതിനുള്ള പ്ലാറ്റുഫോമുകളുടെ സ്ഥിതി നേരത്തെ പറഞ്ഞതാണ്.
ഈ ദുരിത അവസ്ഥകളിലും ആശ്വാസം നൽകുന്ന ഒരു പ്രതികരണം ഉണ്ടായത് ഇസ്രായേൽ സൈനിക നടപടികളെ അപലപിച്ചും ഗസ്സക്ക് പിന്തുണ അറിയിച്ചും ഗൂഗ്ളിലെ ജീവനക്കാരുടെ സംഘടനയായ ജൂഗ്ൾ രംഗത്ത് വന്നു എന്നതാണ്. ഇസ്രായേൽ ആക്രമണത്തെ പരസ്യമായി അപലപിക്കാൻ ഇവർ ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈയോട് കത്തിൽ ആവശ്യപ്പെടുകയും ചെയ്തു.