കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന് ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത ബീഡിത്തൊഴിലാളി ജനാര്ദനന് എല്‍.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.
എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ പറഞ്ഞു. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഈ സാഹചര്യത്തിൽ യാത്ര ചെയ്യാനില്ല, മനസ് കൊണ്ട് ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആകെയുള്ള സമ്പാദ്യമായിരുന്ന 2,00,850 രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് ജനാർദ്ദനൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ജനാര്‍ദനന്റെ ഭാര്യ പി.സി. രജനി അര്‍ബുദം ബാധിച്ച് ജൂണ്‍ 26-നാണ് മരണത്തിന് കീഴടങ്ങിയത്. ആകെ 500 പേരെ ക്ഷണിച്ച ചടങ്ങില്‍ 216-ാമനായാണ് ഇദ്ദേഹത്തിന് ക്ഷണം കിട്ടിയത്. കത്ത് ചൊവ്വാഴ്ച 11-ഓടെ റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചുകൊടുത്തു. കാര്‍ പാസും ഗേറ്റ് പാസും നല്കി.