ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്നതിന് മുൻപ് ഇന്ത്യൻ പുരുഷ ടീമിനെ മൂന്ന് കോവിഡ് ടെസ്റ്റുകൾക്കാണ് ബി സി സി ഐ വിധേയമാകുന്നത്. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള വനിത ടീമിനോട് കോവിഡ് ടെസ്റ്റ് സ്വന്തം ചിലവിൽ നടത്താനും ബയോ ബബിളിലേക്ക് എത്തുമ്പോൾ കൊണ്ട് വരാനുമാണ് നിർദേശം.
പുരുഷ ക്രിക്കറ്റ് താരങ്ങളുടെ വീട്ടിലെത്തിയാണ് കോവിഡ് പരിശോധന നടത്തുന്നത്. മെയ് 19 -നാണ് വനിതാ,പുരുഷ താരങ്ങൾ മുംബൈയിൽ ബയോ ബൈബിളിലേക്ക് എത്തേണ്ടത്.48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന ഫലം കളിക്കാരുടെ പക്കൽ ഉണ്ടാകണം.
മുംബൈയിൽ എത്തുന്നതിന് മുൻപ് ഒരു കോവിഡ് ടെസ്റ്റ് കൂടി പുരുഷ താരങ്ങൾക്കായി ബി സി സി ഐ നടത്തും. വനിതാ ക്രിക്കറ്റ് താരങ്ങൾ മുംബൈയിൽ എത്തുന്നതിന് മുൻപുള്ള കോവിഡ് ടെസ്റ്റ് സ്വയം നടത്തണം എന്നതാണ് വിവാദമായിരിക്കുന്നത്.
ഒരേ പര്യടനത്തിന് പോകുന്ന ഇന്ത്യൻ സംഘത്തിലെ രണ്ടു ടീമുകളോട് വെവ്വേറെ സമീപനം സ്വീകരിച്ച ബി സി സി ഐ നിലപാടിൽ വനിത താരങ്ങൾക്ക് അതൃപ്തി ഉള്ളതായിട്ടാണ് സൂചന.കളിക്കാർക്ക് ഒപ്പം വരുന്ന പുരുഷ ടീമിലെ കുടുംബ അംഗങ്ങളെയും ബി സി സി ഐ കോവിഡ് ടെസ്റ്റിന് വിധേയമാകുന്നുണ്ട്.