മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് 4,782 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4521 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 112 പേരുടെ രോഗഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 144 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 37.11 ശതമാനമാണ്. 24 മണിക്കൂറിനിടെ 3,669 പേര് രോഗമുക്തി നേടി. നിലവില്‍ 51,848 പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 75,469 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,593 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 154 പേരും 242 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര് ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 303 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
ശനിയാഴ്ച 3,669 പേര് രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,77,646 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായും ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതേസമയം, ജില്ലയില്‍ ഇതുവരെ 745 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.