കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സി.പി.എന്‍ (മാവോയിസ്റ്റ് സെന്‍റര്‍) സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വിശ്വാസ വോെട്ടടുപ്പ് വേണ്ടിവന്നത്.
രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരിയുടെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത പ്രത്യേക സെഷനില്‍ പ്രധാനമന്ത്രിക്ക് 93 വോട്ടുകളാണ് നേടാനായത്. 15 പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 275 അംഗ ജനപ്രതിനിധിസഭയില്‍ കുറഞ്ഞത് 136 വോട്ടുകളെങ്കിലും വേണം ഭരണം നിലനിര്‍ത്താന്‍.
ഓലിയുടെ നിർദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പിരിച്ചുവിട്ടു. എന്നാൽ ഫെബ്രുവരിയിൽ സുപ്രീം കോടതി അതു റദ്ദാക്കി പാർലമെന്റ് പുനഃസ്ഥാപിച്ചിരുന്നു. ഓലി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കടന്നുപോവുകയാണ് നേപ്പാള്‍.
















