ലോകത്തിന് വഴികാട്ടുന്ന ദീപസ്തംഭമായി ഭാരതം വളരണമെന്ന് സ്വപ്നം കണ്ട മഹാനായ വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മ ദിനമാണ് മെയ് 7. സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ഇന്ത്യയിലേക്ക് എത്തിച്ച രബീന്ദ്രനാഥ ടാഗോർ കവി, തത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് എന്നിങ്ങനെ വിശേഷണങ്ങൾക്ക് അതീതനാണ്.
കൊൽക്കത്തയിൽ 1861 മെയ് 7ന് ദേബേന്ദ്രനാഥ ടാഗോറിന്റെയും ശാരദാദേവിയുടെയും മകനായിട്ടാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജനനം. ചെറുപ്രായത്തിൽത്തന്നെ ധാരാളം യാത്രകൾ നടത്തിയ ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. പിന്നീട് തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയ ടാഗോർ ലണ്ടനിൽ പഠിച്ചു. സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി ഭാഷകളിൽ പ്രാവീണ്യം നേടി.
1908ലെ ബംഗാൾ കോൺഗ്രസ് സമ്മേളനത്തിൽ ടാഗോർ അധ്യക്ഷനായി.1901ൽ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ചു. 1918ൽ അത് വിശ്വഭാരതി സർവകലാശാലയായി ഉയർന്നു. 1912ലെ കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം ‘ജനഗണമന’ പാടിയവതരിപ്പിച്ചു. ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിളിച്ചത് ടാഗോറാണ്.ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷുകാരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയിരുന്ന സ്ഥാനമാനങ്ങൾ അദ്ദേഹം ഉപേക്ഷിച്ചു. പിന്നീട് സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നും അകന്നുനിന്നു. അനേകം ലോകപ്രശസ്തരുമായി സുഹൃദ്ബന്ധം സ്ഥാപിക്കാൻ ടാഗോറിന്റെ വിദേശ സന്ദർശങ്ങൾക്ക് കഴിഞ്ഞു.
എട്ടാമത്തെ വയസിൽ കവിതയെഴുതാനാരംഭിച്ച ടാഗോർ പതിനാറാമത്തെ വയസിൽ ടാഗോർ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു.
അദ്ദേഹത്തിന്റെ ഗീതാഞ്ജലിക്ക് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ ഈ പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. ദേശത്തും വിദേശത്തുമുളള അനേകം സർവകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്തി. 1941 ഓഗസ്റ്റ് 7ന് അന്തരിച്ചു.
മൂവായിരത്തോളം കവിതകൾ, നൂറോളം കവിതാസമാഹാരങ്ങൾ, ആയിരത്തി നാനൂറോളം ഗാനങ്ങൾ, അമ്പതിലേറെ നാടകങ്ങൾ, നാല്പതിലധികം കഥാസമാഹാരങ്ങൾ, നോവലുകൾ, എണ്ണമറ്റ ലേഖനങ്ങൾ, പതിനഞ്ചോളം ലേഖന സമാഹാരങ്ങൾ അങ്ങനെ വിപുലമായ സാഹിത്യലോകമാണ് ടാഗോറിന്റെത്.