ന്യൂ ഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാന് റോയല്‍സിനെ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. എല്ലാ ആരാധകര്‍ക്കും നന്ദി. രാജസ്ഥാന് കടുപ്പമേറിയ സീസണായിരുന്നു ഇത്. ടീമിന് തിരിച്ചടികളുണ്ടായപ്പോഴും ആരാധകര്‍ ഒപ്പം നിന്നുവെന്നും നമ്മുടെ ടീം ശക്തമായി തിരിച്ചുവരുമെന്നും സഞ്ജു പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സീസണ് പാതിയില്‍ നിര്‍ത്തേണ്ടിവന്നിരുന്നു. സഞ്ജു നയിച്ച രാജസ്ഥാന് ഏഴില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവവും ആദ്യ മത്സരത്തിന് ശേഷം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് പരിക്കേറ്റ് കളിക്കാനാവാതെ പോയതും രാജസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.