മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കിയ ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്തിയേക്കുമെന്ന് സൂചന. ഇനി 31 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്നത്. ഇവ സപ്തംബര്‍ വിന്‍ഡോയില്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായി ഐപിഎല്‍ ഭരണസമിതി ചെയര്മാന് ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.
“ശേഷിച്ച മല്‍സരങ്ങള്‍ക്കായി പുതിയ വിന്‍ഡോ കണ്ടെത്താനാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രമം. അനുയോജ്യമായ ഒരു വിന്‍ഡോ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. സപ്തംബറില്‍ അതിനു കഴിയുമോയെന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഐസിസിയുടെയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുടെയും പ്ലാനുകളെക്കുറിച്ച് അറിയേണ്ടണ്ടതുണ്ട്. ഇതനുസരിച്ചായിരിക്കും ഐപിഎല്‍ വിന്‍ഡോ പ്ലാന്‍ ചെയ്യുക”- പട്ടേല്‍ അറിയിച്ചു.
‘ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിദേശ താരങ്ങളെ സുരക്ഷിതമായി തന്നെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കും. ഇതിനുള്ള യാത്രാ പദ്ധതികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ആവിഷ്കരിക്കും. കളിക്കാരുടെ സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ല. കളിക്കാര്‍ മാത്രമല്ല മൈതാനം ജീവനക്കാര്‍, ഓഫീഷ്യലുകള്‍ തുടങ്ങി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട എല്ലാവരുടേയും സുരക്ഷ ബിസിസിഐക്ക് പ്രധാനമാണ്- എന്ഐആയെ ഉദ്ധരിച്ചുകൊണ്ട് മുതിര്‍ന്ന ബിസിസിഐ അംഗം പറഞ്ഞു.
ബയോ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത കളിക്കാരായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയ്ക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് പരിശീലകന് ലക്ഷ്മിപതി ബാലാജിക്കും രോഗം കണ്ടെത്തി. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് ക്യാമ്പുകളില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചത്.