ബെംഗളൂരു: ബാഡ്മിന്റണ്‍ താരം പ്രകാശ് പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് പ്രകാശ് പദുക്കോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, അദ്ദേത്തിന്റെ ഭാര്യയും രണ്ടാമത്തെ മകള്‍ അനിഷയും കോവിഡ് ബാധിതരാണ്. ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. 65-കാരനായ പ്രകാശ് പദുക്കോണിന് ഈ ആഴ്ച ആശുപത്രി വിടാനായേക്കുമെന്ന് ബാഡ്മിന്റണ്‍ കോച്ചും പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമി ഡയറക്ടറുമായ വിമല്‍ കുമാര്‍ അറിയിച്ചു. ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ പ്രകാശ് പദുക്കോണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ്.1991-ല്‍ വിരമിച്ച അദ്ദേഹം ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ബി.എ.ഐ) ചെയര്‍മാനായിരുന്നു. 1993 മുതല്‍ 1996 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.